ആലപ്പുഴ: ഗൃഹനാഥനെ പരിക്കുകളോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്‍റെ മകൻ സുരേഷ് കുമാർ(54) ആണ് മരിച്ചത്. ഇയാളുടെ മകൻ നിഖിൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.അച്ഛനും മകനും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റം ഉണ്ടായതായി സുരേഷ് കുമാറിന്‍റെ ഭാര്യ മിനിമോൾ മൊഴി നൽകിയിട്ടുണ്ട്. വീണ് പരിക്കേറ്റതിനെ തുടർന്ന് മിനിമോൾ കാലിന് പ്ലാസ്റ്റർ ഇട്ട് കിടപ്പിലാണ്. രാവിലെ ഏറെ നേരമായിട്ടും ഭർത്താവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലെന്ന് കണ്ടത്. തുടർന്ന് ബഹളം വെച്ചതോടെ അയൽക്കാർ എത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 28 ന് നിഖിലിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ ആവശ്യത്തിന് പണം എടുത്തതിനെചൊല്ലി ഇരുവരും തമ്മിൽ രാത്രി സംസാരം ഉണ്ടായിരുന്നു. നഗരത്തിൽ കേബിൾ ടിവി സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഖിൽ. ആലപ്പുഴ നോർത്ത് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മർദ്ദനമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
