കാസർകോട്: ദുരൂഹസാഹചര്യത്തില്‍ യുവമോര്‍ച്ച നേതാവ് മരിച്ചതിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം പിതാവും ജീവനൊടുക്കി. കുമ്പള ബംബ്രാണ കളക്കുളയിലെ മൂസാ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ലോകനാഥ(51)യെയാണ് കഴിഞ്ഞ ദിവസം ഉള്ളാളിനു സമീപത്തെ സോമേശ്വരം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉള്ളാളിലുള്ള സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.ലോകനാഥയുടെ മകനും ഭാരതീയ ജനതാ യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റുമായ രാജേഷ് കുട്ട (30) യെ കഴിഞ്ഞ മാസം 10ന് കാണാതാവുകയും 12ന് ഉള്ളാള്‍ ബങ്കര കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
മകന്‍റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ലോകനാഥ ജില്ലാ പൊലീസ് മേധാവ് ഡോ. വൈഭവ് സക്‌സേനയ്‌ക്കു പരാതി നല്‍കിയിരുന്നു. പരാതിയിൽ മൊഴിയെടുക്കുന്നതിനു തിങ്കളാഴ്‌ച ലോകനാഥയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. മൊഴി നല്‍കാന്‍ കാസർകോട് പോകുന്നുവെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. തൊട്ടുപിന്നാലെയാണ് മൃതദേഹം കടലില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. ലോകനാഥ കടലില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക സംശയം. ഇതിനു മുമ്പു തന്‍റെ ഏതാനും സുഹൃത്തുക്കള്‍ക്കു ലോക്നാഥ ശബ്‌ദ സന്ദേശം അയച്ചിരുന്നു. തന്‍റെയും മകന്റെയും മരണത്തിന് കാരണക്കാർ നാലുപേരാണെന്നാണ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നത്. ഇവരെ കുറിച്ച് നാട്ടില്‍ അഭ്യൂഹം പ്രചരിക്കുന്നുണ്ട്. മകനു പിന്നാലെ പിതാവും മരിച്ചത് നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. പ്രഭാവതിയാണ് ലോകനാഥയുടെ ഭാര്യ. ശുഭം മറ്റൊരു മകനാണ്