കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് വീണ്ടും കല്ലേറുണ്ടായത്. 24 മണിക്കൂറിനിടേ മൂന്നാമത്തെ കല്ലേറാണ് ഇന്നു നടന്നത്. റെയില്‍വേ പോലീസും കേരള പോലീസും സംയുക്തമായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം തിരുവന്തപുരത്തുനിന്ന് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസ്, ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നെ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയും കണ്ണൂരില്‍ വച്ച് കല്ലേറുണ്ടായിരുന്നു. നേത്രാവതി എക്‌സ്പ്രസിന്റെ എ വണ്‍ എസി കോച്ചിന്റെ ഗ്ലാസും ചെന്നെ എക്‌സ്പ്രസിന്റെ ചില്ലും പൊട്ടിയിരുന്നു. അതേ സമയത്ത് നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയില്‍ നിന്ന് കല്ലേറുണ്ടായിരുന്നു.
രാത്രി 7.11നും 7.16നും ആണ് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.സാമൂഹ്യ വിരുദ്ധരാകാം ആക്രമണത്തിന് പിന്നിലെന്നാണ് ആർ.പി.എഫിന്‍റെ പ്രാഥമിക നിഗമനം.