കനത്ത മഴയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു.
ഷിംല ജില്ലയില്‍ ശിവക്ഷേത്രം തകര്‍ന്നു 9 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മഴയില്‍ ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്. മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസപ്പെട്ടു. ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ സോളനിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. അഞ്ച് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്ഡിവിഷനിലെ ജാദണ്‍ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായാണ് വിവരം. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.