മലപ്പുറം : മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ സജീവമായിരുന്നവരുടെ വീടുകളിൽ എന്‍ഐഎ പരിശോധന. നാലിടങ്ങളിലാണ് പുലർച്ചെ പരിശോധന ആരംഭിച്ചത്. രാജ്യവ്യാപകമായി പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം പിടിയിലായ നേതാക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തുടർ പരിശോധന നടക്കുന്നത്. ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീൻവാലി ആയുധപരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഏറ്റവും വലുതും പഴയതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്നു മഞ്ചേരി ഗ്രീന്‍വാലി.ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇത് കൂടാതെ മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നീ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളും എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു.