കത്തിക്കരിഞ്ഞ കാലുകള്‍; മറ്റൊരിടത്ത് അരക്ക് മുകളിലുള്ള ഭാഗങ്ങള്‍; കൊയിലാണ്ടിയില്‍ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്തിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കരിക്കുളത്തുനിന്ന് കാണാതായ പെയ്ന്റിംഗ് തൊഴിലാളിയും ഏറണാകുളം വൈപ്പിന്‍ സ്വദേശിയുമായ രാജീവിന്റെ(60) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് കാണിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിനു സമീപം വയലരികിലാണ് ഇയാളുടെ രണ്ട് കാലുകള്‍ ഞായറാഴ്ച രാവിലെ ആദ്യം കണ്ടെത്തിയത്. പിന്നീട് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും കണ്ടെത്തി. കാലുകള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് മീറ്ററുകള്‍ക്ക് അപ്പുറം വയലില്‍നിന്നാണ് ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയത്. ഇതിനു മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്നാണ് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീരഭാഗം കണ്ടെത്തിയ സ്ഥലത്തെ വാഴക്കൂട്ടത്തിന് തീപിടിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വടകര റൂറലിന്റെ ചുമതലയുള്ള കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
ആദ്യ ഭാര്യ രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഭാര്യ പിന്നീട് മരിച്ചു. രണ്ട് മക്കളും വിവാഹംകഴിഞ്ഞവരാണ്. അടുത്തിടെയാണ് രണ്ടാം വിവാഹം കഴിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page