കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡറും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43)അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുകൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി ഉത്തരവിറക്കിയത്. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) മാടായി ഏരിയ കമ്മിറ്റി ജോ.സെക്രട്ടറിയും സിപിഎം ചെറുതാഴം കല്ലമ്പള്ളി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മധുസൂദനന്‍ അസുഖം നടിച്ച് സഹകരണ ആശുപത്രിയില്‍ ഒളിവില്‍ കഴിയവെ രഹസ്യവിവരം ലഭിച്ചതിന്റെ തുടന്‍ന്ന്
പരിയാരം പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. സിപിഎം പാര്‍ട്ടി ഗ്രാമമായ ചെറുതാഴത്തെ പ്രാദേശിക നേതാവായ മധുസൂദനനെതിരെ രണ്ടാഴ്ച്ച മുന്‍പാണ് എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. വിഷയം നാട്ടില്‍ വിവാദമായതോടെ ഇയാളെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍, മധുസൂദനനെ പോലീസ് കേസില്‍നിന്ന് ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും ഈക്കാര്യത്തില്‍ രോഷം പ്രകടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. പിന്നീട് മാതാവ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പരിയാരം പോലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തു. മധുസൂദനന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധി സ്വഭാവദൂഷ്യ പരാതികളാണ് ഉയര്‍ന്നത്.
