കൊച്ചി: പണമിടപാട് തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച കടന്നുകളഞ്ഞ സംഘത്തെ പൊലീസ് പിടികൂടി.തോട്ടക്കാട്ടുക്കര സ്വദേശി എഡ്വിൻ, മുപ്പത്തടം സ്വദേശി അബ്ദുൾ മുഹാദ്, ദേശം സ്വദേശി പ്രസാദ്, പുതുമനയിൽ കമാൽ, പുഷ്പത്തുകുടി കിരൺ, എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം 5 മണിയോടായിരുന്നു സംഭവം. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്റെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും വാങ്ങി കാറിൽ കയറ്റി യു സി കോളേജിന്റെ പരിസരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബിലാൽ വീട്ടിലേക്ക് വിളിച്ചു പണം ആവശ്യപ്പെട്ടു. പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയ ശേഷം മർദിക്കുകയും ആലപ്പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.തുടർന്ന് വിവരം അറിഞ്ഞു എത്തിയ പൊലീസാണ് ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഫ്രിക്കയിൽ സ്വർണ്ണ ഖനി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പണമിടപാട് നടന്നതെന്നാണ് വാദം.ഇടപാടിന്‍റെ മറവിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചതാണ് വിരോധത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.