കാസർകോട് : വഴിയരികില്‍ നിന്ന് ലഭിച്ച പഴ്‌സില്‍ നിന്ന് ലഭിച്ച കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരേ കേസ്. ഫെഡറല്‍ ബാങ്ക് ഉദുമ ശാഖാ മാനേജര്‍ എം.എസ്.ദിവ്യയുടെ പരാതിയില്‍ ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസ്. കള്ളനോട്ട് ബാങ്കില്‍ നല്‍കി 14,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം പണം കൈമാറാനെത്തിയപ്പോള്‍ കള്ളനോട്ടാണെന്ന് ജീവനക്കാര്‍ക്ക് സംശയമുണ്ടായിരുന്നു. നോട്ടുകള്‍ മാനേജരെ കാണിക്കാനായി ജീവനക്കാരന്‍ സമീപിച്ചതോടെ ഇരുവരും ബാങ്കില്‍ നിന്നു ഇറങ്ങിയോടി. ഒറിജിനലിനെ വെല്ലുന്ന 2000 രൂപയുടെ ഏഴു നോട്ടുകളായാണ് ഇവര്‍ ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ ഫോട്ടോകോപ്പിയെടുത്ത് ഒട്ടിച്ചതാണെന്നു കണ്ടെത്തി. ബാങ്ക് അധികൃതരുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഇരുവരും തിരിച്ചറിയല്‍ രേഖ നല്‍കിയതിനാല്‍ യുവാക്കളെക്കുറിച്ചുള്ള വിവരം വ്യക്തമായിരുന്നു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. അതേസമയം വഴിയരുകില്‍ നിന്നു കളഞ്ഞു കിട്ടിയ ഒരു പഴ്സില്‍ നിന്നാണ് ഇരുവര്‍ക്കും വ്യാജനോട്ടുകള്‍ ലഭിച്ചതെന്നാണ് സൂചന. പഴ്സിന്റെ ഉടമയാരെന്നു കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.
