കൊച്ചി: എറണാകുളം ആലുവയിൽ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ക്രൂരമർദ്ദനത്തിന് ശേഷം പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണർ ഭാഗത്ത് ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. മർദനത്തിൽ യുവാവിന്‍റെ കാലിന്‍റെ എല്ലൊടിഞ്ഞു. ക്വട്ടേഷൻ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. എഡ്വിൻ ജോൺസൻ എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാല്‍ പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പൊലീസ് പറയുന്നത്. ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.സംയുക്തമായി ഖനി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവാവിനെ കാണാതായെന്നത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് യുവാവിനെ സംഘം വഴിയിൽ ഉപേക്ഷിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.