കാസർകോട്: സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്‌ച വെക്കുന്ന കൃഷികൂട്ടത്തിനുള്ള സംസ്ഥാന കൃഷി അവാർഡ് പെരിയ ആഗ്രോ സര്‍വ്വീസ് സെന്ററിനെ തേടിയെത്തുമ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി. പെരിയ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ 2014ല്‍ കൃഷി കൂട്ടം പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇതാദ്യമായാണ് സംസ്ഥാനതല അവാർഡ് കരസ്ഥമാക്കുന്നത്. കൃഷിയും അനുബന്ധ കാര്യങ്ങളും ചെയ്‌തു നല്‍കുന്നതിനൊപ്പം നിരവധിപേര്‍ക്ക് തൊഴിലും കൂട്ടായ്മ ഉറപ്പ് നല്‍കുന്നു. പച്ചക്കറി തൈകളുടെ നഴ്‌സറി, ചുരുങ്ങിയ വിലയ്‌ക്ക് ജൈവവളം, വിത്ത്, നടീല്‍ വസ്‌തുക്കള്‍ തുടങ്ങിയവയെല്ലാം ആഗ്രോ സെന്റര്‍വഴി വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ കാര്‍ഷിക ഉപകരണങ്ങളും നല്‍കുന്നു. കൃഷിയിടങ്ങളിലെ കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി മാറ്റുന്ന പ്രവർത്തനങ്ങളും ചെയ്യുന്നു. ചുരുങ്ങിയ കാലം കൊണ്ട് കാര്‍ഷിക രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സെന്‍ററിന് കഴിഞ്ഞു. ഹരിത കര്‍മ്മസേനകള്‍ക്ക് പരിശീലനവും, ആര്‍ക്കിയോളജിക്കല്‍ വകുപ്പുമായി സഹകരിച്ച് കോട്ടകളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഇതിന് പുറമെ വ്യക്തികള്‍ക്ക് മഴമറയും, മഴവെള്ള റീചാര്‍ജിംഗും ഉള്‍പ്പെടെയുള്ളവയും ചെയ്‌തുകൊടുക്കുന്നുണ്ട്. ആറളം ഫാമിലേക്ക് കുരുമുളക് തൈ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്. നോക്കി നടത്താന്‍ ആളില്ലാത്ത സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്ന രീതിയും നടപ്പാക്കുന്നു. സെന്‍ററിലെ ജോലിക്കാരില്‍ ഏറെയും വനിതകളാണ്. പെരിയ കൃഷി ഭവനിലെ കൃഷി ഓഫീസര്‍ പി.പ്രമോദ്‌കുമാറിന്റെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. കൃഷി ഓഫീസറായി വിരമിച്ച നബീസത്ത് ബീവിയുടെ സഹായവും നിര്‍ദ്ദേശവും ആഗ്രോ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ട്.