പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ വിവാദമാക്കി സിപിഎം; തിരിച്ചടിച്ച് വിഡി സതീശൻ ;സർക്കാർ ചികിത്സക്ക് ഒന്നും ചെയ്തില്ലെന്ന്  പ്രതിപക്ഷ നേതാവ്

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ പ്രചാരണത്തിന് ചൂടു പിടിക്കും  മുൻപേ  യുഡിഎഫിനെ കടന്നാക്രമിച്ച് ചികിത്സാ വിവാദം ഉയർത്തി സിപിഎം. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസെന്ന്‌ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാര്‍  ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്ക്‌ സര്‍ക്കാര്‍ ചികിത്സ ഏര്‍പ്പെടുത്താന്‍ ഇടയാക്കിയതിന്റെ പിന്നിലെ കാര്യങ്ങള്‍ കോണ്‍ഗ്രസ്‌ വ്യക്തമാക്കണം. ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മുന്‍ മുഖ്യമന്ത്രിക്കു സര്‍ക്കാര്‍ ചികിത്സ ഏര്‍പ്പെടുത്തിയ സംഭവം ഉണ്ടായത്‌. ചികിത്സയുടെ കാര്യത്തില്‍ കുടുംബത്തിലും പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇതൊക്കെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക്‌ അറിയാമെന്നും അനില്‍ കുമാര്‍ ആരോപിച്ചു. എന്നാല്‍ സിപിഎമ്മിന്റെ ആരോപണം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തള്ളുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശന്‍ മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിക്കു എല്ലാവിധ ചികിത്സയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ കൊണ്ടുവന്ന്‌ യഥാര്‍ത്ഥ വസ്‌തുതകളെ മറച്ചുവെയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. കുടുംബവും പാര്‍ട്ടിയും ഭംഗിയായി  ചികിത്സ നടത്തിയിട്ടുണ്ട്. 2019-ൽ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്‌സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019-ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി.

2022-ല്‍ ആരോഗ്യസ്ഥിതിയില്‍ ചെറിയ മാറ്റമുണ്ടായപ്പോള്‍ രാജഗിരിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ വീണ്ടും ജര്‍മ്മനിയിലേക്ക് പോയി. അവിടെ നിന്നുള്ള ഉപദേശ പ്രകാരം ബെംഗലുരുവില്‍ ചികിത്സ നടത്തി. ഭേദമായി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മിംസില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ കുറഞ്ഞെന്നും പുറത്തേക്ക് കൊണ്ടു പോകാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കെ.സി വേണുഗോപാല്‍ ആശുപത്രിയില്‍ എത്തുകയും പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ബെംഗലുരുവിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് മരിക്കുന്നത് വരെ വരെ ബെംഗലുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദേശത്തും ഇന്ത്യയിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട് ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നത്.മുന്‍ മുഖ്യമന്ത്രിയുടെ ചികിത്സയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയുണ്ടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു ചികിത്സയും നല്‍കിയിട്ടില്ല. മത്സരത്തെ രാഷ്ട്രീയമാക്കുമെന്ന് തിരുവനന്തപുരത്ത് വച്ച് കേമത്തില്‍ പ്രഖ്യാപിച്ചവര്‍ കോട്ടത്ത് എത്തി തരംതാണം പ്രചരണം നടത്തുകയാണെന്നും  വിഡി സതീശൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page