കാസര്‍കോട്: അപരിചിതന് വൃക്ക ദാനംചെയ്ത് വക്കച്ചന്‍ എന്ന ഫാ. ജോര്‍ജ് പാഴേപ്പറമ്പില്‍ മാതൃകയായി. കാസര്‍കോട് കൊന്നക്കാട് സ്വദേശി പി എം ജോജോമോനാണ് (49) തലശേരി രൂപത കള്ളാര്‍ ഉണ്ണിമിശിഹ പള്ളി വികാരി ജോര്‍ജ് പാഴേപ്പറമ്പില്‍ വൃക്ക ദാനംചെയ്തത്. കഴിഞ്ഞ 28ന് ആലുവ രാജഗിരി ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തലശേരി രൂപതയിലെ വൈദികരുടെ വാട്സാപ് കൂട്ടായ്മയിലൂടെയാണ് ജോജോയുടെ ദുരവസ്ഥയെ കുറിച്ച് ഫാ. ജോര്‍ജ് അറിഞ്ഞത്. അക്ഷയകേന്ദ്രം നടത്തിയിരുന്ന ജോജോമോന്റെ ഇരുവൃക്കകളും പ്രമേഹത്തെ തുടര്‍ന്നാണ് തകരാറിലായത്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്ത ജോജോയ്ക്ക് പിന്നീട് വൃക്കമാറ്റിവക്കാതെ രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ചികിത്സയ്ക്കായി തന്റെ അക്ഷയകേന്ദ്രം വില്‍ക്കേണ്ടി വന്ന ജോജോമോനുവേണ്ടി നാടൊന്നിച്ചു. കൊന്നക്കാട് പള്ളി വികാരി ഫാ. ജോബിന്‍ ജോര്‍ജ് പ്രസിഡന്റായും ബളാല്‍ പഞ്ചായത്ത് അംഗം ബിന്‍സി ജയിന്‍ കണ്‍വീനറുമായി ചികിത്സയ്ക്കായി പണം കണ്ടെത്തി. ഭാര്യ ഷൈന വൃക്ക ദാനം ചെയ്യാന്‍ തയ്യാറായെങ്കിലും പരിശോധനയില്‍ യോജിച്ചില്ല. ഈ പ്രതിസന്ധിഘട്ടത്തിലാണ് ഫാ. ജോര്‍ജ് രക്ഷകനായെത്തിയത്. രാജഗിരി ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധരായ ഡോ. ജോസ് തോമസ്, ഡോ. സ്‌നേഹ പി സൈമണ്‍, ഡോ. അപ്പു ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
വൃക്ക സ്വീകരിച്ച ജോജോമോനും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ബുധനാഴ്ച ആശുപത്രിയില്‍ നിന്നും മടങ്ങി.