കൊച്ചി: കൊച്ചി കളമശ്ശേരി രാജഗിരിയിൽ പതിമൂന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ജൻ ആണ് അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നിരഞ്ജനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് 13 കാരിയെ വീട്ടിലെ കിടിപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കളമശ്ശേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രദേശവാസിയായ യുവാവ് ശല്യപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത്.പെൺകുട്ടിയുടെ സഹപാഠികളാണ് നിരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസിന് മൊഴി നൽകിയത്. പെൺകുട്ടിയെകുറിച്ച് അപവാദം പറഞ്ഞ് പരത്തിയതിനെ തുടർന്ന് യുവാവിന്‍റെ ശല്യത്തെ കുറിച്ച് കുട്ടി വീട്ടിൽ അറിയിക്കുകയും ഇരു വീട്ടുകാരും സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരിടവേളക്ക് ശേഷം വീണ്ടും ഇയാൾ ശല്യം ആവർത്തിക്കുകയായിരുന്നു. മരിച്ച ദിവസം സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി മുടികുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നു.മാനസിക സംഘർഷത്തിലായ കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. കുണ്ടനൂരിലെ ഹോട്ടൽമുറിയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.