ന്യൂഡൽഹി: പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിൽ രാജ്യം കൊലചെയ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കേൾക്കുന്നത് അദാനിയുടെയും അമിത് ഷായുടെയും വാക്കുകൾ മാത്രമാണെന്നും ഇതുവരെ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും രാഹുൽ പറഞ്ഞു. താൻ മണിപ്പൂരിൽ പോയി ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കണ്ടതാണ്. മണിപ്പൂർ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തിന്മേൽ രണ്ടാം ദിവസം നടന്ന ചർച്ചയിലാണ് രാഹുൽ രൂക്ഷവിമർശനം ഉയർത്തിയത്. കലാപം നേരിടുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടെന്നും രാഹുൽ പറഞ്ഞു. രാഹുൽ പ്രസംഗിക്കുന്നതിനിടെ പല തവണ പ്രസംഗം തടസ്സപെടുത്താൻ ഭരണപക്ഷം ശ്രമിച്ചു. പുതിയ പ്രതിപക്ഷ കൂട്ടായ്മ ‘ ഇന്ത്യ’യെ പരാമർശിച്ച് ക്വിറ്റ് ഇന്ത്യാ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഭരണപക്ഷത്ത് നിന്ന് പ്രസംഗം തടസ്സപെടുത്താൻ ശ്രമം നടന്നത്. പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്‍റെ അംഗത്വം തിരികെ നൽകിയതിന് സ്പീക്കറോട് രാഹുൽ നന്ദി പ്രകടിപ്പിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നൽകുന്ന മറുപടി പ്രസംഗം ആണ് ഏവരും ഉറ്റുനോക്കുന്നത്.