കാസർകോട്: വാഹന കവര്‍ച്ചാ കേസുകളില്‍ ഡല്‍ഹി പൊലീസ് തിരയുന്ന പ്രതികൾ കാസർകോട് ബേക്കലിൽ പിടിയിലായി. ന്യൂഡൽഹി ശാസ്‌ത്രി പാര്‍ക്ക് ബുക്കുളന്ത് മസ്‌ജിദിനു സമീപത്തെ അസ്ലംഖാന്‍ (22), ഫര്‍ഖാന്‍ (19) എന്നിവരെയാണ് ബേക്കല്‍ ഡിവൈ എസ് പി. സി കെ സുനില്‍ കുമാറും ഇന്‍സ്‌പെക്‌ടര്‍ യു പി വിപിനും സംഘവും അറസ്റ്റ് ചെയ്‌തത്. ബേക്കലില്‍ എത്തി മൂന്നു ബൈക്കുകള്‍ മോഷ്‌ടിച്ച ഈ സംഘമാണ് അധ്യാപികയുടെ മൊബൈല്‍ ഫോണും തട്ടിപ്പറിച്ചോടിയത്.കാഞ്ഞങ്ങാട്, തോയമ്മല്‍ സ്വദേശിയും മഞ്ചേശ്വരം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനുമായ അബ്‌ദുല്‍ അസീസ്, കാസര്‍കോട് കൂഡ്‌ലുവിലെ മുഹമ്മദ് സാലി എന്നിവരുടെ ബൈക്കുകളാണ് ഇരുവരും മോഷ്‌ടിച്ചത്. മറ്റൊരു ബൈക്കു കൂടെ മോഷ്‌ടിച്ചതായി ഇരുവരും സമ്മതിച്ചിട്ടുണ്ടെങ്കിലും ആരുടെ ബൈക്കാണെന്നു കണ്ടെത്തിയിട്ടില്ല. ഈ മാസം രണ്ടിനാണ് അബ്‌ദുല്‍ അസീസിന്റെ ബൈക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നു മോഷണം പോയത്. ഈ ബൈക്കില്‍ കോട്ടിക്കുളത്ത് എത്തിയ പ്രതികള്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്ന അധ്യാപിക തൃക്കരിപ്പൂരിലെ പി പി ഷൈമയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു കടന്നു കളഞ്ഞു. വിവരമറിഞ്ഞ് പൊലീസ് പിന്‍തുടര്‍ന്നപ്പോള്‍ ബൈക്ക് കോട്ടക്കുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അഞ്ചാം തീയ്യതിയിലാണ് കാഞ്ഞങ്ങാട്ട് വച്ച് കൂഡ്‌ലുവിലെ മുഹമ്മദ് സാലിയുടെ ബൈക്ക് കവര്‍ന്നത്. ഈ ബൈക്കില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌ത്രീയുടെ കഴുത്തില്‍ നിന്നു മാലപൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷപ്പെട്ടു. പിന്നീട് ചളിയങ്കോടിനു അടുത്ത് ബൈക്ക് ഉപേക്ഷിച്ചു പോയി. കോട്ടിക്കുളത്തെ അധ്യാപികയില്‍ നിന്നു തട്ടിയെടുത്ത ഫോണ്‍ കാസര്‍കോട്ടെ കടയില്‍ വില്‍ക്കാന്‍ എത്തിയപ്പോഴാണ് പ്രതികളെ നാടകീയമായി പിടികൂടിയത്.ഡല്‍ഹിയില്‍ വാഹന മോഷണ കേസുകളില്‍ പ്രതികളായതിനെ തുടര്‍ന്ന് ഒരാഴ്‌ച്ച മുമ്പാണ് ഇരുവരും പള്ളിക്കരയിലെത്തി തൊഴിലാളികളാണെന്ന വ്യാജേന താമസം തുടങ്ങിയത്.