നീലേശ്വരം: വ്യാജ വിമാന ടിക്കറ്റ് നല്‍കി തട്ടിപ്പു നടത്തുന്ന പേരാവൂര്‍ സ്വദേശിക്കെതിരേ കാസര്‍കോട്ടും പരാതി. പാലാവയല്‍, നിരത്തുംതട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ നീതു അനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ന്യൂസ്ലാന്റില്‍ ജോലി ചെയ്യുന്ന പരാതിക്കാരി നാട്ടിലേയ്ക്ക് വരാനായി മാര്‍ച്ച് 21 ന് നീതുവിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍സ് 2,95,000 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാന താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലായത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് മറ്റൊരു ടിക്കറ്റെടുത്ത് ഇവര്‍ നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം ട്രാവല്‍സിനെതിരെ ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഹൃത്തുക്കള്‍ മുഖേന പരിചയപ്പെട്ട നീതുവില്‍ നിന്നും പരാതിക്കാരിയായ യുവതി നേരത്തെയും വിമാനടിക്കറ്റ് എടുത്തിരുന്നു. അന്നു മറ്റൊരു സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന നീതു പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങുകയായിരുന്നു.
സമാന രീതിയില്‍ നീതു മറ്റുള്ളവരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്നു കേസുകള്‍ ഉള്ളതായും പറയുന്നു. ഏഴര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാഴ്ച മുമ്പ് നീതുവിനെ പേരാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാന്റില്‍ കഴിയവെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യവെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ നീതുവിനെ കൂടാതെ വന്‍ സംഘം തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.