കണ്ണൂർ: പയ്യന്നൂർ രാമന്തളിക്കടുത്ത് വലിയപറമ്പ് തയ്യില്‍ സൗത്ത് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘം കാറ്റിനെ തുടർന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലില്‍ തിരമാലകളില്‍പ്പെട്ട റഷീദിനെ രക്ഷാ പ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിന് സമീപം പുതിയങ്ങാടി കടപ്പുറത്ത് തോണിമറിഞ്ഞ് കഴിഞ്ഞ ദിവസം ഇതര സംസ്ഥാന മത്സ്യതൊഴിലാളി മരിച്ചിരുന്നു.