‘താങ്കളുടെ മിത്ത് എന്‍റെ സത്യം’ ഗണപതി മിത്ത് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപിയും; താരം പങ്ക് വെച്ചത് വീട്ടിലെ ഗണപതി രൂപങ്ങൾ
‘
തിരുവനന്തപുരം : ഗണപതി മിത്തെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. താങ്കളുടെ മിത്ത് , എന്‍റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത , വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം, എന്‍റെ വീട്ടിലെ എന്‍റെ സത്യം., ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം. എന്നാണ് സുരേഷ് ഗോപി സ്വന്തം ഫേസ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. വീട്ടിലെ സ്വീകരണമുറിക്ക് മുകളിലുള്ള ഗണേശരൂപങ്ങളും, മ്യൂറൽ പെയിന്‍റിംഗിലുള്ള ഗണേശ ചിത്രവും സഹിതമാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. വിവാദത്തിൽ ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഇതര നേതാക്കളും പ്രതികരണവുമായി വന്നപ്പോഴും സുരേഷ് ഗോപി പ്രതികരിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. സംവിധായകൻ രാമസിംഹനെന്ന അലി അക്ബർ സുരേഷ് ഗോപി പ്രതികരിക്കണമെന്ന് കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. അതിനിടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്.ഗണപതി മിത്ത് വിവാദത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നതിനിടെ തന്‍റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രകുളം നവീകരിക്കാൻ തുക വകയിരുത്തിയ കാര്യം സ്പീക്കർ എ.എൻ ഷംസീർ ഫേസ് ബുക്കിൽ ഷെയർ ചെയ്തിരുന്നു.