ന്യൂഡൽഹി: ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്സ്. സംസ്ഥാന പ്രസിഡന്‍റ് കെ.സുധാകരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച് 3 മണിക്കൂറിനകം സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുതെന്നും തന്നെകൊണ്ട് കഴിയും വിധം ആ ഉത്തരവാദിത്വം നിറവേറ്റുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച പിതാവിനെ പോലെ മാതൃകാപരമായ പ്രവർത്തിക്കുകയെന്നത് ഭാരിച്ച ചുമതലയാണ്.ഇത്രയും വലിയ ഒരു വെല്ലുവിളിയാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത്.രാഷ്ട്രീയ മത്സരം തന്നെയായിരിക്കും പുതുപ്പള്ളിയിലേതെന്നും ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.