കാസര്‍കോട്: വിവരാവകാശ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നല്‍കാതിരുന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 5000 രൂപ പിഴ ശിക്ഷിച്ചു. ബദിയടുക്ക പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും പഞ്ചായത്ത് ജീവനക്കാരനും ആയിരുന്ന രാമചന്ദ്രനെയാണ് സംസ്ഥാന വിവരാകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം പിഴ ശിക്ഷിച്ചത്. പിഴ 0070-60-118-99 എന്ന ട്രഷറി അക്കൗണ്ടില്‍ അടക്കാത്ത പക്ഷം തുക രാമചന്ദ്രന്റെ ശമ്പളത്തില്‍ നിന്ന് പിടിക്കാനും സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് ഈടാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. രാമചന്ദ്രന്‍ ഇപ്പോള്‍ മലപ്പുറം മാറാക്കര ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ആണ്. തൊഴിലില്ലായ്മ വേതനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച് പെര്‍ഡാല ചെടേക്കാല്‍ ഹൗസിലെ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് ശിക്ഷ. വിവരാവകാശ നിയമപ്രകാരം ഹര്‍ജിക്കാരന് നല്‍കാന്‍ കഴിയുമായിരുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.