കണ്ണൂര്‍: വീട്ടിലേയ്‌ക്കു നടന്നു പോവുകയായിരുന്ന പതിനാറുകാരിയെ തടഞ്ഞ് നിർത്തി വൃദ്ധന്‍റെ ശൃംഗാരവും ലൈംഗിക ചേഷ്ടയോട് കൂടിയുള്ള ചോദ്യങ്ങളും .കളി കാര്യമായതോടെ പെൺകുട്ടിയോട് ചുംബനം ആവശ്യപ്പെട്ട അറുപതുകാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കണ്ണൂർ കക്കാട്ടെ ചന്ദ്രന്‍ (60) എന്നയാള്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം. സ്കൂൾ വിദ്യാർത്ഥിനിയായ പെണ്‍കുട്ടി നടന്നുപോകുന്നതിനിടയില്‍ അടുത്തു നിര്‍ത്തി ചുമലില്‍ കൈവെച്ചാണ് ഇയാൾ സംസാരിച്ചത്. സംസാരത്തിനിടെ കുട്ടിയോട് ചുംബനം ചോദിച്ചെന്നാണ് പരാതി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വരാനും ഇയാൾ ആവശ്യപ്പെട്ടതായും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് സംഭവം വിവരിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം കേസ്സെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.