നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിക്കും, നഗരത്തിലെ കടകളില്‍ വില്‍പന നടത്തും,മോഷ്ടിച്ച സ്‌കൂട്ടറുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോമ്പൗണ്ടിനകത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നു ബാറ്റിറി മോഷ്ടിച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി അറസ്റ്റില്‍. കാസര്‍കോട് നായന്മാര്‍മൂല, നാസിക് മിനി സ്റ്റേഡിയത്തിനു സമീപത്തെ എന്‍ എ മിര്‍ഷാദ് (36), റഹ്‌മാനിയ നഗര്‍, റുഖിയ മന്‍സിലിലെ ടി എ മുഹമ്മദ് ജഷീര്‍ (33) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാര്‍, എസ് ഐ ഇ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. മോഷ്ടിച്ച ബാറ്ററികള്‍ നഗരത്തിലെ വിവിധ കടകളില്‍ വില്‍പ്പന നടത്തിയതായി കണ്ടെടുത്തു. വിദ്യാനഗര്‍ എസ് ബി ഐ ശാഖയ്ക്കു മുന്‍വശത്തെ ഒരു കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി, മിനിലോറി എന്നിവയുടെ ബാറ്ററികള്‍ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് ബാറ്ററികള്‍ മോഷണം പോയത്. ഇതു സംബന്ധിച്ച് ആലംപാടി സ്വദേശിയായ ഹംസ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചില സൂചനകളെ തുടര്‍ന്നു ഒന്നാം പ്രതിയായ മിര്‍ഷാദിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയിരുന്നുവെങ്കിലും സ്ഥലത്ത് ഇല്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു. ഇതിനിടേയാണ് നാടകീയമായി മിര്‍ഷാദും മുഹമ്മദ് ജംഷീറും കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറില്‍ എത്തിയത്. തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. സ്‌കൂട്ടര്‍ കര്‍ണ്ണാടക, ബണ്ട്വാളില്‍ നിന്നു മോഷ്ടിച്ചതാണെന്നു വ്യക്തമായി. ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടര്‍. ഇവരുടെ ബാങ്ക് പാസ്പുസ്തകമടക്കമുള്ള രേഖകള്‍ സീറ്റിനടിയില്‍ നിന്നു കണ്ടെടുത്തു. ബാറ്ററി വില്‍ക്കാന്‍ കടയില്‍ കാണിച്ച ആധാര്‍ കാര്‍ഡ് മിര്‍ഷാദിന്റേതാണെന്നു കണ്ടെത്തി. ബാറ്ററി കടത്താന്‍ ഉപയോഗിച്ച ആള്‍ട്ടോ കാറിനായി തെരച്ചില്‍ തുടരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ സി പി ഒമാരായ അനില്‍കുമാര്‍, രതീഷ്, ഗുരുപ്രസാദ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page