കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട;ദമ്പതികളിൽ നിന്നും   പിടികൂടിയത് ഒരു കോടിയിലധികം വിലമതിക്കുന്ന  രണ്ടേകാൽ കിലോഗ്രാം സ്വർണ്ണം.    

കോഴിക്കോട് :   ജിദ്ദയിൽനിന്നും  എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ദമ്പതികളിൽ നിന്നും രണ്ടേകാൽ കിലോഗ്രാമിലധികം സ്വ‍ർണ്ണമിശ്രിതം എയർ കസ്റ്റംസ് പിടികൂടി.  മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളിൽനിന്നുമാണ്  ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച  2276 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടിയത്.  ഏകദേശം 1.25 കോടി രൂപ വില മതിക്കുന്നതാണ് സ്വർണ്ണ മിശ്രിതം.    അമീർമോൻ  പുത്തൻ പീടിക,   (35)  ഭാര്യ സഫ്ന പറമ്പൻ (21)എന്നിവരിൽ നിന്നാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോനിൽ നിന്നും ശരീരത്തിനുള്ളിൽ  ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽനിന്നായി 1172 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും, സഫ്നയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നായി 1104 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ്   പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കേസിൽ  ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിച്ചു വരികയാണെന്ന് എയർ കസ്റ്റംസ് അറിയിച്ചു. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50000 രൂപ വീതമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ദമ്പതികൾ തങ്ങളുടെ കുട്ടിയോടൊത്ത് ജിദ്ദയിൽ നിന്നും തിരിച്ചു വരുമ്പോഴാണ്   കള്ളക്കടത്തിന്  ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ്  ദമ്പതികൾ ശ്രമിച്ചത്. സഫ്നയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമീർമോൻ താനും സ്വർണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page