കാസര്‍കോട്: ജോലികഴിഞ്ഞി വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന കാസര്‍കോട്ടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. കണ്ണൂര്‍ കല്യാശേരി സ്വദേശി പി അശോകനാ(52)ണ് മരിച്ചത്. എക്‌സൈസ് കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്നു. ശനിയാഴ്ച രാത്രി കാസര്‍കോടുനിന്ന് കാച്ചേഗുഡേ എക്‌സ്പ്രസ് ട്രയിനില്‍ നാട്ടിലേക്ക് തിരിച്ചുപോകവേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്താറായപ്പോള്‍ ആണ് അപകടം. അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. കല്യാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടക്കും. ഒന്നരവര്‍ഷം മുമ്പാണ് അശോകന്‍ കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായി എത്തിയത്. പരേതനായ ഇ.എന്‍ ഗോപാലന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ആതിര, ആദിത്യന്‍. സഹോദരങ്ങള്‍: ബാബുരാജ്, ഗീത, സന്തോഷ്.