നീലേശ്വരം: എട്ടുദിവസമായി റെയില്‍വേ ഇലക്ട്രിക് ലൈനിലെ കമ്പിവലയ്ക്കുള്ളില്‍ കുടുങ്ങിയ കാക്കയ്ക്ക് പുനര്‍ജന്മം. കാസര്‍കോട് കളക്ടര്‍ കെ ഇമ്പശേഖരന്റെ ഇടപെടലിനെ തുടര്‍ന്ന് വനം വകുപ്പും റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗവും നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് ഞായാറാഴ്ച രാവിലെ കാക്കയ്ക്ക് രക്ഷപ്പെട്ട് പറന്നുപോകാന്‍ കഴിഞ്ഞത്. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ ഹൈപവര്‍ വൈദ്യുതി ലൈനിലെ പോര്‍ട്ടല്‍ മാസ്റ്റില്‍ കുടുങ്ങിയ കാക്ക കണ്ടുനില്‍ക്കുന്നവര്‍ക്ക് വേദനയായിരുന്നു. അകത്തുകടക്കാന്‍ സാധ്യമല്ലാത്ത സുരക്ഷിത കവചത്തിനകത്ത് കാക്ക എങ്ങനെ അകപ്പെട്ടെന്നതാണ് അദ്ഭുതം. എട്ടുദിവസം മുമ്പാണ് വലക്കുള്ളില്‍ പെട്ടത്. കമ്പികള്‍ കൊത്തിമുറിച്ചുനോക്കിയിട്ടും കാക്കയ്ക്ക് പുറത്തുവരാന്‍ കഴിഞ്ഞിരുന്നില്ല. മറ്റു കാക്കകള്‍ കൊണ്ടുവരുന്ന തീറ്റയും മഴവെള്ളം കുടിക്കുന്നു കാരണം ജീവന്‍ നിലനിര്‍ത്തിയത്. വിവരമറിഞ്ഞ കളക്ടര്‍ നേരിട്ടെത്തി സ്ഥിതികളറിയുകയായിരുന്നു. പിന്നീട് റെയില്‍വേയും വനം വകുപ്പുമായി ബന്ധപ്പെട്ട് കാക്കയെ രക്ഷിക്കാന്‍ ഡി.എഫ് ഓയുമായി ബന്ധപ്പെട്ടിരുന്നു. ഞായാറാഴ്ച രാവിലെ ഇലക്ട്രിക് ലൈനിലൂടെയുള്ള വൈദ്യുത ബന്ധം വിഛേദിച്ചു. റെയില്‍വേ ഇലക്ട്രിക് ഡിവിഷന്‍ ടി.ആര്‍ടി ജൂനിയര്‍ എഞ്ചിനീയര്‍ രഞ്ചിത്ത്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ വൈശാഖും സ്ഥലത്ത് എത്തിയിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് കാക്കയെ പുറത്തുവിട്ടു. സംഭവം കാണാന്‍ നിരവധി നാട്ടുകാരും തടിച്ചുകൂടിയിരുന്നു.