തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആന്തരിക അവയവങ്ങളുടെ മാംസം കടത്തിയ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായിട്ടുണ്ട്. പൊലീസ് പരിശോധനയിലാണ് മാംസം കടത്തിയ വാഹനം പിടികൂടിയത്. ഉത്തമപാളയത്തു പൊലീസിൻ്റെ പതിവ് പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തിലാണ് ഒരു പെട്ടിയിൽ സൂക്ഷിച്ച നിലയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തിയത്.
വാനഹത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പൂജയ്ക്ക് ശേഷമെത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ് വാഹനത്തിനുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്.
വണ്ടിപ്പെരിയാറിൽ വച്ചാണിത് കൈമാറിയത്. തുടർന്ന് പത്തനംതിട്ട പുളിക്കീഴ് പൊലീസിന്റെ സഹായത്തോടെ ചെല്പപ്പൻ എന്നയാളെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മാംസ ഭാഗങ്ങൾ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗങ്ങളുടേതാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ നാലുപേരെയും ഉത്തമപാളയം പോലീസ് ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദം നടത്തുന്ന സംഘമാണോ എന്നും സംശയിക്കുന്നുണ്ട്. ഇലന്തൂരിൽ മനുഷ്യബലി നടന്നത് പോലെയുള്ള സംഭവങ്ങളുടെ പശ്ചാതലത്തിൽ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്താനാണ് പൊലീസിൻ്റെ നീക്കം. പിടിച്ചെടുത്ത ആന്തരാവയവ അവശിഷ്ടങ്ങളുടെ രാസപരിശോധനാ നടത്താൻ ഫോറൻസിക് സംഘത്തിൻ്റെ സഹായം തേടി.