ന്യൂഡൽഹി: ഗണപതി വിവാദത്തിൽ മലക്കം മറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും , അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. പരശുരാമൻ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കിയെന്നത് മിത്താണെന്നാണ് പറഞ്ഞത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ജനവികാരം മാനിച്ച് ആയിരിക്കാം എം.വി ഗോവിന്ദന്‍റെ നിലപാട് മാറ്റമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ് സിപിഎം നിലപാട് .ഒരു മതവിഭാഗത്തെ കൂടെ നിർത്താൻ മറ്റൊരു വിഭാഗത്തെ ആക്ഷേപിക്കുന്ന എറ്റവും നീചമായ പ്രവർത്തിയാണ് സിപിഎം നടത്തുന്നതെന്നും കെ സുരേന്ദ്രൻ കാസർകോട് പറഞ്ഞു. എം.വി ഗോവിന്ദൻ നിലപാട് മാറ്റിയെങ്കിലും സ്പീക്കർ പറഞ്ഞത് മാറ്റാൻ തയ്യാറായിട്ടില്ല. ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. അതിനിടെ സ്പീക്കറുടെ പരാമർശത്തിനെതിരെ ശിവഗിരി മഠം രംഗത്തെത്തി. പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.