പെഗ്ഗിന് ഡിസ്കൗണ്ട് കിട്ടിയില്ല: ബാർ അടിച്ച് തകർത്ത് മദ്യപ സംഘം, രണ്ട് പേർ അറസ്റ്റിൽ
തൃശ്ശൂർ: മലയാളികൾക്ക് ഡിസ്കൗണ്ട് വിട്ടൊരു കളിയില്ല. എന്നാൽ മദ്യത്തിന് ഡിസ്കൗണ്ട് ആവശ്യപ്പെട്ട യുവാക്കളുടെ പരാക്രമം അവസാനിച്ചത് ബാർ അടിച്ചു പൊളിക്കുന്നതിൽ. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നൽകാത്തതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്.അക്രമത്തിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. കോട്ടപടിയിലുള്ള ബാറിലാണ് അക്രമം അരങ്ങേറിയത്. രാത്രി പത്തരയോടെയാണ് നാലംഗ സംഘം ബാറിലെത്തിയത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് തരണമെന്ന ആവശ്യം നിഷേധിച്ചതോടെ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട സംഘം പുറത്ത് പോയി ഇരുമ്പുവടി അടക്കമുള്ള ആയുധങ്ങളുമായി എത്തി ബാറിനകത്ത് കണ്ണിൽകണ്ടതെല്ലാം അടിച്ചു തകർക്കുകയായിരുന്നു.സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ ഗുരുവായൂർ പൊലീസ് അറസ്റ്റ ചെയ്തു. മറ്റ് രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായി ബാറുടമ നൽകിയ പരാതിയിൽ പറയുന്നു.