തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം താമസിക്കുന്ന ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി(78),ഭാര്യ ശാരദ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ മകൻ അനിൽകുമാറിനെ(50) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ 8.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ഹീനകൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അനിൽ കുമാറിനെ നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പെടുത്തുകയായിരുന്നു. മകന്‍റെ പീഡനത്തെ തുടർന്ന് മാതാപിതാക്കൾ മാറി താമസിക്കുകയായിരുന്നു. അടുത്തിടെ ഇവരെ മകൻ സ്വന്തം വീട്ടിലേക്ക് കുട്ടി കൊണ്ട് വന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. മകന് മാനസിക പ്രശ്നങ്ങളുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.