കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചപ്പാരപ്പടവ്, പടപ്പേങ്ങാട്ടെ ജോര്‍ജ്ജ് ജോസഫി(48)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു മാംഗ്ളൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസിലാണ് കേസിനാസ്‌പദമായ സംഭവം. കണ്ണൂരില്‍ നിന്നു കയറിയ മംഗ്‌ളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിന്റെ എതിര്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ജോര്‍ജ്ജ് ജോസഫ്. ട്രയിൻ കണ്ണൂർ വിട്ടതോടെ പാൻറിന്‍റെ സിബ്ബ് അഴിച്ചു നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി എതിർത്തിട്ടും പ്രദർശനം നിര്‍ത്തിയില്ല. ലൈംഗിക ചേഷ്ട തുടർന്നപ്പോൾ പെൺകുട്ടി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സഹയാത്രികരും സംഭവം കണ്ടുവെന്നു മനസ്സിലായതോടെ നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്ന ഇയാള്‍ സീറ്റില്‍ നിന്നു എഴുന്നേറ്റു പോയി. ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനി റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് കണ്ണൂരിനും പയ്യന്നൂരിനും ഇടയിലായതിനാല്‍ കേസ് കണ്ണൂരിലേയ്‌ക്ക് കൈമാറി. കണ്ണൂര്‍ റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത് ജോര്‍ജ്ജ് ജോസഫ് ആണെന്നു കണ്ടെത്തി അറസ്റ്റു ചെയ്‌തത്.