ഷൂ ധരിച്ചതിന്റെ പേരില്‍ ക്രൂര റാഗിങ്; പ്ലസ് വണ്‍ വിദ്യര്‍ഥിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഉപ്പള:(കാസര്‍കോട്): ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ് ചെയ്തതായി പരാതി. പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീല്‍ ഷെഹ്സാദാ(16)ണ് മര്‍ദ്ദനത്തിന് ഇരയായത്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയാണ് ഷെഹ്സാദ്. മുഖത്തും നെഞ്ചിനും പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ഥികളാണ് തന്നെ ആക്രമിച്ചതെന്ന് ഷെഹ്സാദ് പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷമാണ് റാഗിങ് നടന്നത്. ഷൂ ധരിച്ചെത്തിയ ഷെഹ്സാദിനോട് ഇനി മുതല്‍ ചെരിപ്പുധരിച്ച് മാത്രമേ സ്‌കൂളില്‍ എത്താന്‍ പാടുള്ളൂ എന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുട്ടി പറയുന്നത്. പിന്നീട് ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികളെത്തി തന്നെ മര്‍ദ്ദിക്കുകയായിരുവെന്നാണ് വിദ്യാര്‍ഥി പറയുന്നു. മുഖത്തും നെഞ്ചിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ വിവരമറിഞ്ഞെത്തിയ അധ്യാപകരാണ് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.