കാസർകോട് : ഇന്ന് പിള്ളേരോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ തുടക്കം . ഇപ്പോൾ അധികമാരുടെയും ആഘോഷിക്കാറില്ലാത്ത എന്നാൽ പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരു ഓണമുണ്ട് മലയാളിക്ക്. അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷമായിരുന്നു ഇത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. .ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണവും. തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ വിഭവങ്ങളുമുള്ള അടിപൊളി സദ്യയോടെയാണ് പണ്ടൊക്കെ ഈ ദിനം ആഘോഷിച്ചിരുന്നത്. ഓണത്തിന്റെ ഒരുക്കം ഈ ദിനം മുതലാണ്. ചിങ്ങത്തിലെ തിരുവോണം മഹാബലിയെ വരവേൽക്കാൻ ആണെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റെതാണെന്ന മറ്റൊരു പക്ഷവുമുണ്ട്.