താനൂർ: മലപ്പുറം താനൂരിൽ കസ്റ്റഡി മരണം. ലഹരികടത്ത് ആരോപിച്ച് പുലർച്ചെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജഫ്രി ആണ് മരിച്ചത്.എം.ഡി.എം.എയുമായി ബൈക്കിൽ യാത്ര ചെയ്യവെയാണ് മറ്റ് നാല് പേർക്കൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദം. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച താമിർ ജഫ്രിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം താനൂർ അജിനോറ ആശുപത്രി മോർച്ചറിയിലാണ്. പുലർച്ചെ 1.45നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നും നാലരക്കാണ് താമിർ ജഫ്രി കുഴഞ്ഞ് വീണതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.