ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നൂഹിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾ മരിച്ചു. ഹോംഗാർഡ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. 10 സേനാംഗങ്ങൾ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്കുണ്ട്.കല്ലേറിലും വെടിവെയ്പിലുമാണ് ഇവർക്ക് പരിക്കേറ്റത്. ഒട്ടേറെ ആളുകൾ ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. ബജ്റംഗദളും, വിശ്വഹിന്ദ് പരിഷത്തും സംഘടിപ്പിച്ച ബ്രിജ്മണ്ഡൽ ജലാഭിഷേക ഘോഷയാത്ര നൂഹിന് സമീപം വെച്ച് ഒരു സംഘം തടഞ്ഞതോടെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്.തുടർന്ന് ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. ഘോഷയാത്രയിൽ പങ്കെടുത്തവരുടെ വാഹനങ്ങൾ കത്തിച്ചു. സംഘർഷം ജില്ലയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.കൂടുതൽ കേന്ദ്ര സേനയെ സ്ഥലത്ത് വിന്യസിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രദേശത്ത് ഇന്‍റർനെറ്റ് കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്.അതിനിടെ കഴിഞ്ഞ ദിവസം ശിവ ക്ഷേത്രത്തിൽ അഭയം തേടിയ കുട്ടികളും മുതിർന്നവരും അടക്കം 2500 ഓളം പേരെ മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു.
