കോയമ്പത്തൂർ: പുഷ്പ സിനിമയെ വെല്ലുന്ന തരത്തിൽ ലോറിയിൽ കടത്തിയ ചന്ദനം തമിഴ്നാട് പൊലീസ് പിടികൂടി. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയിലാണ് ചന്ദനം കടത്തിയത്. 57 ചാക്കുകളിലായി 1051 കിലോ ചന്ദനമുട്ടികൾ അടുക്കിയാണ് കൊണ്ട് പോയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈവേയിൽ പൊലീസ് പരിശോധന നടത്തവെ നിർത്താതെ പോയ വാഹനത്തെ പിൻതുടർന്നാണ് ചന്ദനം പിടിച്ചെടുത്തത്. സേലം അതിർത്തിയിൽ വെച്ചാണ് ലോറി കസ്റ്റഡിയിലെടുത്തതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്കാണ് കൊണ്ട് പോകുകയായിരുന്നു ചന്ദനം. ലോറി ഓടിച്ചിരുന്ന പത്തനംതിട്ട സ്വദേശി മനോജ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എവിടെ നിന്നാണ് മരം കൊണ്ട് വന്നത് , കടത്തിന് പിന്നിൽ ആര് എന്നടക്കമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിപണിയിൽ കോടികൾ വിലവരുന്നതാണ് പിടികൂടിയ ചന്ദനം. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.