നീലേശ്വരം: ബന്ധുക്കൾക്കൊപ്പം വെള്ള കെട്ടിൽ നീന്തുകയായിരുന്ന വിദ്യാർഥിയെ വെളളത്തിൽ മുങ്ങി കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യനെ ( 17 )യാണ് കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തിവരികയാണ്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് ആൽബിൻ ബന്ധുക്കളായ കുട്ടികൾക്കൊപ്പം കുളിക്കാൻ എത്തിയത്. ആൽബിന്റെ മാതാവ് ദീപയും ബന്ധുക്കളും ഇത് കാണാൻ വെള്ളക്കെട്ടിന് മുകളിൽ ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു ആൽബിൻ മുങ്ങിത്താണത്. കുട്ടിയെ കാണാതായതോടെ കണ്ടുനിന്നവരെല്ലാം നിലവിളിക്കാൻ തുടങ്ങി. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഓട്ട് കമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്നാളോളം താഴ്ച്ചയുള്ള വെളളക്കെട്ടിലാണ് കുട്ടി മുങ്ങിയത്. ഉപ്പിലിക്കൈ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്.