വന്യജീവി ആക്രമണം തടയൽ ; കേന്ദ്ര പദ്ധതിയിലേക്ക് ഈ വർഷം കേരളം അപേക്ഷകൾ വെച്ചില്ലെന്ന് രേഖകൾ
ന്യൂഡൽഹി: വന്യജീവി ആക്രമണം തുടർകഥയായി ആളുകൾ കൊല്ലപ്പെടുമ്പോഴും കേന്ദ്രസഹായം നേടിയെടുക്കുന്നതിൽ കേരളം ഉദാസീനത തുടരുന്നതായി കണക്കുകൾ. വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികൾക്കായി കേന്ദ്രപദ്ധതിയിൽ നിന്നും കേരളത്തിന് ലഭിക്കുന്ന സഹായത്തിന് ഇക്കുറി നിർദേശങ്ങളൊന്നും ലഭിച്ചില്ലെന്ന് കേന്ദ്ര മന്ത്രി ലോക്സഭയിൽ അറിയിച്ചു.അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനികുമാർ ചൗബേ ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേരളം ഈ വർഷം സഹായത്തിന് അപേക്ഷ നൽകിയില്ലെന്ന് വ്യക്തമായത്. 2020-21ൽ 7.31 കോടിയും 2021-22ൽ 2.95 കോടിയും 2022-23ൽ 2.24 കോടിയുമായിരുന്നു കേരളത്തിന് ലഭിച്ച കേന്ദ്രസഹായം.എന്നാൽ 2023-24ലേക്ക് പദ്ധതി നിർദേശങ്ങൾ നൽകാത്തതിനാൽ പണം അനുവദിച്ചിട്ടില്ല. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വന്യജീവി ആക്രമണം വർധിച്ചുവരുമ്പോഴാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് നേരെ സംസ്ഥാനം മുഖം തിരിച്ചു നിൽക്കുന്നത്.