കുമ്പള: ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പാലം പണിയുന്നതിനെ പഞ്ചായത്ത് പാലം വലിപ്പിച്ചപ്പോൾ നാട്ടുകാരുടെ കൂട്ടായ്മയിൽ പുതിയ പാലം നിർമ്മിച്ചു. കുമ്പള പുത്തിഗെ, എയൂര്‍മൂല, റായ്‌ഗദ്ദെയിലെ വലിയ തോടിനാണ് രണ്ട് ലക്ഷം രൂപ ചിലവില്‍ നാട്ടുകാര്‍ പാലം പണിതത്.എട്ടും,പത്തും വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഈ തോടിന് പാലം പണിയണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം ഫണ്ടില്ലെന്ന് പറഞ്ഞ് പുത്തിഗെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തള്ളുകയായിരുന്നു. ഈ വാര്‍ഡുകളില്‍ നിന്ന് സൂരംബയല്‍ ടൗണിലേക്കുള്ള എളുപ്പവഴിയാണ് തോട് സ്ഥിതി ചെയ്യുന്ന പ്രദേശം. കവുങ്ങ് കൊണ്ട് നിർമ്മിച്ച താത്കാലിക പാലം തോടിനു കുറുകെ ഉണ്ടായിരുന്നുവെങ്കിലും കാലപ്പഴക്കത്താല്‍ അത് ദ്രവിച്ചതിനാൽ ഭീതിയോടെയാണ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നത്. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലുമായിരുന്നു ഈ പാലം. സ്‌കൂള്‍ കുട്ടികളടക്കമുള്ള ജനങ്ങള്‍ സൂരംബയല്‍ ടൗണിലേക്കും തിരികെയുമുള്ള യാത്രയ്‌ക്ക് ഉപയോഗിച്ചിരുന്നത് ഈ പാലമായിരുന്നു. പലതവണ ആവശ്യമുയർത്തിയിട്ടും അനുകൂല നപടി ഇല്ലാതെ വന്നതോടെയാണ് നാട്ടുകാരായ പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് അവരുടെ സ്വന്തം ചിലവില്‍ പാലം പണിതത്.