അഞ്ചുവയസുകാരി ഇനി ഓര്‍മ്മ, വിങ്ങിപ്പൊട്ടി ആലുവ, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കൊച്ചി: ആലുവയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്കു നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. അതിവൈകാരിക നിമിഷങ്ങളായിരുന്നു പെതുദര്‍ശന സ്ഥലത്ത് നടന്നത്. ഒരു നാട് മുഴുവന്‍ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. ആംബുലന്‍സ് കടന്നു പോയ വഴിയരികിലും ആളുകള്‍ ആ പെണ്‍കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നു. മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസ്സുകാരിക്ക്. അതില്‍ മൂത്തകുട്ടിക്ക് മാത്രമേ അനിയത്തിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. ബാക്കി രണ്ട് സഹോദരങ്ങള്‍ ചേച്ചിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല.
വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. പിന്നീട് അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്തായാണ് കേള്‍ക്കാനിടയായത്. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെ ആ കുഞ്ഞുശരീരം മുഴുവന്‍ മുറിവുകളുണ്ടായിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുന്നത്. കാണാതായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങളും പൊലീസിന് ലഭിച്ചില്ല.
കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവും. പ്രതി അസഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റുചെയ്ത പ്രതിയെ റിമാന്റിനയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page