ചെറുപുഴ: നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാന്‍’ സിസി ടിവിയില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനാണ് ചുമരില്‍ വരക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന ഈ അജ്ഞാതനെ തേടി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. പൊലീസുകാരന്റെയും മുന്‍ പഞ്ചായത്തംഗത്തിന്റെയുമെല്ലാം വീടുകളില്‍ കരി കൊണ്ട് എഴുതിയിട്ടുണ്ട്.
വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ ‘ഭയപ്പെടുത്തല്‍’ രീതി. അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കും. നേരത്തെ ആലക്കോട് ഭാഗത്തായിരുന്നു അജ്ഞാതന്റെ സഞ്ചാരം. മുഖംമൂടിയിട്ട് അടിവസ്ത്രം മാത്രം ധരിച്ചെത്തി, കതകില്‍ മുട്ടലായിരുന്നു പതിവ്. ടാപ്പ് തുറന്നിടുക, ഉണക്കാനിട്ട തുണികള്‍ മടക്കി വയ്ക്കുക തുടങ്ങിയവ വേറെയും. അതേസമയം ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ചയായി വീട്ട് ചുമരുകളില്‍ വിചിത്ര രൂപങ്ങള്‍, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകള്‍. കരി കൊണ്ട് വരച്ച ചിത്രങ്ങള്‍. ചുമരില്‍ കൈയടയാളം പതിപ്പിച്ചും മുങ്ങുകയാണ്. സ്‌ക്വാഡെല്ലാമുണ്ടാക്കി നാട്ടുകാരും പൊലീസും തെരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടുകിട്ടിയില്ല. രാത്രിയായാല്‍ മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്. സി.സിടി.വിയില്‍ പതിഞ്ഞ ആളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആളുടെ നീക്കം പോലീസ് നിരീക്ഷിച്ചുവരികയാണ്.