നോവായി ആ കുരുന്ന് ; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ സംസ്കാരം ഇന്ന്
ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നുമാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു.പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഒന്നര വര്‍ഷം മുമ്പാണ് അസ്ഫാക് ആലം കേരളത്തിലെത്തിയതെന്നാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ മുമ്പ് മോഷണ കേസിലും പ്രതിയായിട്ടുണ്ട്.