കൊല്ലം: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി വിൽപ്പന നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ വിഷ്ണു പീഡിപ്പിക്കുകയും പിന്നീട് ഭാര്യ ഇത് ചിത്രീകരിക്കുകയുമായിരുന്നു. സ്വീറ്റിയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ വിഷ്ണു പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയിരുന്നു.സ്വന്തം ഫോട്ടോയും വീഡിയോയും അയച്ചുകൊടുത്ത് അടുപ്പം വളർത്തുകയും വിവാഹ ശേഷവും ബന്ധം തുടരുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ വീടിന് സമീപം താമസം തുടങ്ങുകയും ബികോ ബിരുദധാരിയായ ഭാര്യ ട്യൂഷനെടുത്ത് തരും എന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിക്കുകയുമായിരുന്നു. ആദ്യം എതിർത്ത സ്വീറ്റിയും പിന്നീട് പീഡനത്തിന് കൂട്ടു നിന്നു. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും വിൽപ്പന നടത്തിയിരുന്നത്. ചിത്രങ്ങൾക്ക് 50 മുതൽ 500 വരെയും വീഡിയോക്ക് 1500 രൂപവരെയും ഈടാക്കിയായിരുന്നു വിൽപ്പന. ഇൻസ്റ്റാഗ്രാമിൽ ചിത്രം അയക്കുന്നതിന് മുൻകൂർ പണവും വിഷ്ണു കൈപ്പറ്റിയിരുന്നു. ഗൂഗിൾ പേ വഴിയായിരുന്നു ഇടപാടുകളെല്ലാം. ഇൻസ്റ്റാഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി സഹപാഠിയോട് പീഡന വിവരം പറയുകയും സഹപാഠി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണം കൊടുത്ത് ദൃശ്യങ്ങൾ വാങ്ങിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നത്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.