ചാന്ദ്നിയെ കൊന്നത് അസ്ഫാക്ക് തന്നെ;  പ്രതി കുറ്റം സമ്മതിച്ചു; പ്രതിക്കെതിരെ കൊലകുറ്റവും, തട്ടികൊണ്ട് പോകൽ അടക്കമുള്ള വകുപ്പുകളും ചുമത്തിയെന്ന് പൊലീസ്  

എർണാകുളം: ആലുവയിൽ നിന്ന് തട്ടികൊണ്ട് പോയ അഞ്ച് വയസ്സുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയത് അസ്ഫാക്ക് ആലം തന്നെയെന്ന് പൊലീസ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ആലുവ ചന്തക്കടുത്ത മാലിന്യ കൂമ്പാരത്തിന് സമീപം പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ജനരോക്ഷം ഭയന്ന് വാഹനത്തിൽ  നിന്ന് ഇറക്കാതെയാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. അസ്ഫാക്ക് കുട്ടിയുടെ വീടിന് സമീപം താമസിക്കാൻ എത്തിയിട്ട് മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ബീഹാർ സ്വദേശികളാണ് കൊല്ലപ്പെട്ട ചാന്ദ്നിയുടെ മാതാപിതാക്കൾ. കുറെ വർഷമായി ആലുവയിലാണ് ഇവർ കഴിയുന്നത്. അസ്ഫാക്ക് അടുത്തിടെയാണ് ഇവരുടെ വീടിന് സമീപം താമസിക്കാനെത്തിയത്. കുട്ടിയുമായി വേഗത്തിൽ ഇയാൾ അടുപ്പം സ്ഥാപിക്കുകയായിരുന്നു. അതിനിടെ അസ്ഫാക്കിന് വാടക വീട് കാണിച്ചുകൊടുത്തയാളെ നാട്ടുകാർ തടഞ്ഞുവെച്ചു. എന്നാൽ അസ്ഫാക്കിനെ അടുത്ത് അറിയില്ലെന്നും വീട് കാണിച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ വിശദീകരണം. കൊലപാതകത്തിന് കാരണമെന്തെന്നതിൽ വ്യക്തത ആയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്ന ആളാണ് പിടിയിലായ അസ്ഫാക്ക് ആലം. കഴിഞ്ഞ ദിവസം കസ്റ്റ‍ഡിയിലെടുത്തപ്പോഴും ഇയാൾ ലഹരിയിലായിരുന്നു. അതുകൊണ്ടാണ് വിവരങ്ങൾ ലഭിക്കാൻ വൈകിയതെന്നുമാണ് പൊലീസിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page