കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. പത്തുലക്ഷത്തില്‍പരം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീര്‍ റിഫായി (22) എന്നയാളാണ് എയര്‍പോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിമാനതാവളത്തിനകത്തെ കസ്റ്റംസ് -എമിഗ്രേഷന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായിരുന്നു റിഫായി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ലഗേജ് പരിശോധിച്ചപ്പോഴാണ് 221.33 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ലഗേജിനകത്തു സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പിടിയിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു. സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവന്നതില്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് അഹമ്മദ് കബീര്‍ റിഫായി എന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.