കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ച മുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് കേസ്. സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയര്‍ന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പ്രകോപനവും വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഹോസ്ദുര്‍ഗ് പൊലീസ് അറിയിച്ചു.
മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചു നല്‍കിയ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ പട്ടക്കല്‍ പിള്ളേര് പീടികക്ക് സമീപം താമസിക്കുന്ന അബ്ദുല്‍ സലാമിനെതിരേ നടപടി സ്വീകരിച്ചതായി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും അറിയിച്ചു. സലാം മുദ്രാവാക്യം വിളിച്ചതെന്നും ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പി.കെ ഫിറോസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസല്‍ ബാബുവാണ് കാഞ്ഞങ്ങാട് നടന്ന റാലി ഉദ്ഘാടനം ചെയ്തത്.
