കൽപ്പറ്റ: മുട്ടിൽ മരംമുറി കേസ് വനംവകുപ്പ് മാത്രം അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമായിരുന്നെന്ന വിചിത്ര വാദവുമായ വനം മന്ത്രി എ.കെ ശശീന്ദ്രൻ.മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നാണ്. വനഭൂമിയിൽ നിന്നെന്ന വാദം തെറ്റാണെന്നും വനനിയമ പ്രകാരം കുറ്റവാളികൾക്ക് ചെറിയ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് പ്രത്യേക അന്വേഷണ സംഘവും വനം വകുപ്പും സംയുക്തമായി അന്വേഷിക്കുന്നത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് സ്വഭാവികമാണെന്നും ഒരു സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം നടത്തിയാണ് മരം മുറി നടന്നതെന്നും എകെ ശശീന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ മുട്ടിൽ മരംമുറിയിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത് വന്നു. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിട്ടില്ലെന്ന് മരം നിന്ന സ്ഥലത്തിന്‍റെ ഉടമ വാഴവറ്റ വാളംവയൽ ഊരിലെ ബാലൻ പറഞ്ഞു.രേഖകൾ തയ്യാറാക്കിയത് മരം മുറി കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്നും മരം മുറി വിവാദത്തെ തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ അറിയുന്നതെന്നും ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴ് കർഷകരുടെ പേരിലാണ് റോജി അഗസ്റ്റിൻ മരംമുറിക്കാൻ അനുമതി തേടി മുട്ടിൽ സൗത്ത് വില്ലേജിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷകളിലെ ഒപ്പുകളെല്ലാം ഇട്ടത് റോജി തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.ഭൂവുടമകൾക്ക് നാമമാത്രമായ തുക നൽകി വർഷങ്ങളുടെ പഴക്കമുള്ള കരിവീട്ടി മരങ്ങൾ ആണ് അഗസ്റ്റിൻ സഹോദരന്മാരുടെ നേതൃത്വത്തിൽ മുറിച്ച് കടത്തിയത്.
