കാസര്‍കോട്: കടലാക്രമണം രൂക്ഷമായ തൃക്കണ്ണാട് കടപ്പുറത്ത് ജിയോബാഗ് ഉപയോഗിച്ച് നിർമ്മിച്ച കടൽഭിത്തി തകർന്നതിന് പിന്നാലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിച്ച മത്സ്യതൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. മത്സ്യബന്ധന വള്ളങ്ങളുമായി ആയിരുന്നു മത്സ്യതൊഴിലാളികളുടെ സമരം. പിന്നീട് പൊലീസ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ബിജെപി ജില്ലാ പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാറിന്‍റെ നേതൃത്വത്തിലായിരുന്നു മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നുമായിരുന്നു മത്സ്യതൊഴിലാളുകളുടെ ആവശ്യം. കടൽക്ഷോഭത്തിൽ മത്സ്യതൊഴിലാളികളുടെ വലയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കെട്ടിടം കഴിഞ്ഞ ദിവസം ഇവിടെ തകർന്നിരുന്നു. ഒരു മാസം മുൻപ് ജിയോ ബാഗ് ഉപയോഗിച്ച നിർമ്മിച്ച കടൽഭിത്തിയും പൂർണ്ണമായി കടലെടുത്തിരുന്നു. 20 ലക്ഷം രൂപ ചിലവിട്ടാണ് ജിയോ ബാഗ് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിച്ചത്. നിർമ്മാണത്തിൽ അപാകതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നു. ഫിഷറീസ് ,റവന്യൂ അധികൃതർ സ്ഥലത്തെത്തി മത്സ്യതൊഴിലാളികളുമായി അനുരഞ്ജന ചർച്ചകൾ നടത്തുന്നുണ്ട്.