തിരുവനന്തപുരം: പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരം നേരിടാൻ കോണ്‍ഗ്രസും യു.ഡി.എഫും തയാറാണെന്ന് വി.ഡി സതീശൻ. ആരുടെയും ഒരു ഔദാര്യവും വേണ്ടെന്നും 53 കൊല്ലം ഉമ്മന്‍ ചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മാനം കാക്കാൻ കോൺഗ്രസ്സ് മത്സരിക്കുമെന്നും സതീശൻ വ്യക്തമാക്കി.രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിധേയനായ ആളാണ് ഉമ്മന്‍ ചാണ്ടി.സോളാര്‍ കേസില്‍ മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ല. സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും അദ്ദേഹം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞു. എന്നിട്ടും മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ ആരോപണ വിധേയയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടു. വന്ദ്യവയോധികനും ഏഴ് കൊല്ലം മുഖ്യമന്ത്രിയുമായിരുന്ന ആള്‍ക്കെതിരെ ഗൂഡാലോചന നടത്തി ഉന്നയിച്ച ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ട് എന്തായി? ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരുമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. സത്യം പുറത്ത് വന്നു.
. ജീവിതത്തിന്റെ സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം ഞങ്ങളെക്കൊണ്ട് സി.പി.എം പറയിപ്പിക്കരുതായിരുന്നു. ഇപ്പോള്‍ പറയണമെന്ന് ആഗ്രഹിച്ചതല്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യം പറയേണ്ടതുമല്ല. പക്ഷെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടില്ലെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ഈ കഥകളൊക്കെ ഒന്നുകൂടി പിണറായിക്കെതിരെ പറയാൻ വേണ്ടിയാണെന്നും വിഡി സതീശൻ വ്യക്തമാക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുമ്പോള്‍ അതിന് മറുപടി പറയാതിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും സതീശൻ പറഞ്ഞു.