കാസര്‍കോട്: പതിനാറുകാരിയായ മകളുടെ പരാതി പ്രകാരം പിതാവിനെതിരെ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിൽ പുനരന്വേഷണം നടത്തി വ്യക്തത വരുത്തുവാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് സബ്‌ഡിവിഷന്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് നിർദേശം നൽകിയത്.തന്നെ പിതാവ് പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇത് അനുസരിച്ച് പോക്സോ കേസ് ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റു ചെയ്‌ത് ജയിലിലടക്കുകയും ചെയ്‌തു. എന്നാല്‍ നിരപരാധിയാണെന്നും മകളെ ഗുണദോഷിച്ചതിന്റെ വിരോധത്തില്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് അന്വേഷണ സംഘത്തിനു മൊഴി നല്‍കി. സമാന മൊഴിയാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാവും അന്വേഷണ സംഘത്തിനു നല്‍കിയത്. എന്നാല്‍ പെണ്‍ക്കുട്ടി തന്റെ പരാതിയിലും മൊഴിയിലും ഉറച്ചു നിന്നതിനാല്‍ പൊലീസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുകയും ചെയ്‌തു.ഇതോടെയാണ് താൻ നിരപരാധിയാണെന്നും കേസില്‍ പുനരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ പിതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.